District News
ഇടുക്കി: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍നിന്ന് ഒരാഴ്ചയ്ക്കിടെ നഷ്ടപ്പെട്ട 69 മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെത്തി തിരികെ നല്കി. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഉടമകള്‍ക്ക് ഫോണുകള്‍ മടക്കി നല്കി.
ഇടുക്കി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സിഇഐആര്‍ പോര്‍ട്ടല്‍ ഡ്രൈവിന്റെ ഭാഗമായാണ് ഇവ കണ്ടെത്തിയത്. പല മൊബൈല്‍ ഫോണുകളും മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് കണ്ടെത്തി തിരികെയെത്തിച്ചത്. ദേവികുളം, കുമളി, ശാന്തന്‍പാറ തുടങ്ങിയ സ്റ്റേഷനുകളിലാണ് കൂടുതലായി ഫോണുകള്‍ തിരികെ ലഭിച്ചത്. ഇതുവരെ 1082 മൊബൈല്‍ ഫോണുകള്‍ ജില്ലയില്‍ നഷ്ടപ്പെട്ടതില്‍ 332 എണ്ണം കണ്ടെത്താനായിട്ടുണ്ട്.
ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം
എത്രയും വേഗം പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക. അതിനായി കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ആപ്പ് വഴിയോ, തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ നേരിട്ടോ പരാതി നല്‍കാം.
പരാതിയില്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം. സിം കാര്‍ഡിന്റെ സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക.www.ceir.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകവഴി നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാം.